ന്യൂഡല്‍ഹി: സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. അരുൺ മിശ്ര 2010 സെപ്തംബർ മുതൽ 2018 വരെ ഉപയോഗിച്ചിരുന്ന ഫോണാണ് ചോർത്തിയത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ് അരുണ്‍ മിശ്ര.
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെ വിവാദമായ നിരവധി കേസുകള്‍ അരുണ്‍ മിശ്രയുടെ ബെഞ്ചിലെത്തിയിരുന്നു. മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പെടെ കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ ചില വിധികളും അദ്ദേഹം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്.
ഫോണ്‍ ചോര്‍ത്തലിനിരയായവരുടെ പട്ടികയിൽ സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ ആൽജോ ജോസഫിന്‍റെ പേരും ഉൾപ്പെടുന്നു. വാർത്താപോർട്ടലായ ‘ദ വയർ’ ആണ് പുതിയ പട്ടിക പുറത്തുവിട്ടത്. സുപ്രീംകോടതിയിലെ ചില ഉദ്യോഗസ്ഥരുടെ ഫോണും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരിക്കുന്നത്.
സുപ്രീം കോടതിയിലെ ഏറ്റവും തന്ത്രപ്രധാമായ റിട്ട് സെക്ഷനിനിലെ രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകള്‍ ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുണ്ട്. എന്‍.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പറുകളാണ് പട്ടികയിലുള്ളത്. ഇതില്‍ എന്‍.കെ. ഗാന്ധി സര്‍വീസില്‍നിന്ന് വിരമിച്ചു. രാജ്പുത് ഇപ്പോഴും സര്‍വീസിലുണ്ട് എന്നാണ് വിവരം. ഇവരുടെ ഫോണുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ചോര്‍ത്തല്‍ നടന്നുവോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ
അതേസമയം, പെഗസസ് വിവാദം ഉയര്‍ത്തി രാജ്യസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ച ആറ് ടിഎംസി എംപിമാരെ സസ്പെൻഡ് ചെയ്തു. സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണ് പാര്‍ലമെന്‍റ് സ്തംഭനത്തിന് കാരണമെന്ന് പ്രതിപക്ഷനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.