ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം രണ്ടു സെഷന്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം. ചായക്ക് പിരിയുമ്പോള്‍ 50.2 ഓവറില്‍ നാല് വിക്കറ്റിന് 138 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 52 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ക്രീസില്‍. റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ 50-ാം അര്‍ധ സെഞ്ചുറിയാണിത്.
27 റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും, റോറി ബേസിന്‍റെയും(0), ഡൊമനിക് സിബ്ലിയുടെയും(18), ചായക്ക് തൊട്ടു മുമ്പ് ജോണി ബെയര്‍സ്റ്റോ(29)യുടെയും വിക്കറ്റുകളാണ് നഷ്ടമായത്.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ബേണ്‍സിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ സാക് ക്രോളിയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍ 42-ല്‍ നില്‍ക്കേ 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലായി ആതിഥേയര്‍.
അടുത്തത് 18 റണ്‍സെടുത്ത ഡോം സിബ്ലെയുടെ ഊഴമായിരുന്നു. 70 പന്ത് നേരിട്ട താരത്തെ മുഹമ്മദ് ഷമി, കെ.എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. ജോണി ബെയര്‍സ്‌റ്റോവിനും അധികം പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം സെഷനിലെ അവസാന പന്തില്‍ 71 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ മുഹമമദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ റിവ്യു എടുക്കുകയായിരുന്നു. രണ്ടാമത്തെ തീരുമാനമാണ് റിവ്യൂവിലെ ഇന്ത്യക്ക് അനുകൂലമാകുന്നത്.
നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയിറങ്ങുന്നത്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പേസര്‍മാരായി കളിക്കുമ്പോള്‍ രവീന്ദ്ര ജഡേജ ടീമിലെ ഏക സ്പിന്നറാണ്. അശ്വിന്‍ ടീമിലിടം നേടിയിട്ടില്ല. ഓപ്പണറായി കെ.എല്‍.രാഹുല്‍ കളിക്കുന്നുണ്ട്.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, സാക് ക്രൗളി, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.