മുംബൈ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍, ഐഎന്‍എസ് വിക്രാന്ത് ട്രയല്‍ റണ്‍ നടത്തി. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരമാണ് കപ്പല്‍ സഞ്ചരിക്കുക. ചരിത്ര ദിനമെന്നാണ് നേവി ഈ ദിവസത്തെ വിശേഷിപ്പിച്ചത്. കൊച്ചിയുടെ പുറങ്കടലിലാണ് കപ്പല്‍ ഇപ്പോഴുള്ളത്.
രാജ്യത്ത് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ യുദ്ധക്കപ്പലാണിത്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ കപ്പല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ പ്രതീക്ഷിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ യഥാര്‍ത്ഥ സാക്ഷ്യമാണ് വിക്രാന്തെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യക്ക് അഭിമാനകരവും ചരിത്രപരവുമായ നിമിഷമാണ് ഇതെന്ന് ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണ ദൃശ്യങ്ങള്‍ പങ്കുവെച്ച് നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് വിക്രാന്തെന്നും ഇനിയും ഇത്തരത്തിലുള്ള നിരവധി സംരംഭങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Proud & historic day for India as the reincarnated #Vikrant sails for her maiden sea trials today, in the 50th year of her illustrious predecessor’s key role in victory in the #1971war
Largest & most complex warship ever to be designed & built in India.
Many more will follow… pic.twitter.com/6cYGtAUhBK— SpokespersonNavy (@indiannavy) August 4, 2021
നാവിഗേഷന്‍, കമ്യൂണിക്കേഷന്‍, ഹള്ളിലെ യന്ത്രസാമഗ്രികള്‍ എന്നിവയുടെ പരിശോധനയും നടക്കും. കപ്പലിന്റെ രൂപമാതൃകയും തദ്ദേശിയമായി തന്നെ വികസിപ്പെടുത്തതാണ്. വേഗത്തില്‍ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നില്‍ക്കണ്ട് മുന്നേറാനുമുളള കരുത്ത് ഈ കപ്പലിനുണ്ട്.
പരാമാവധി മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കാനാകും. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1500 പേരെ ഉള്‍ക്കൊളളാനാകും. ഷിപ് യാര്‍ഡിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാകും ആയുധങ്ങള്‍ സ്ഥാപിക്കുന്നതടക്കമുളള നടപടികളിലേക്കും പരിശോധനകളിലേക്കും കടക്കുക. 50 ലധികം ഇന്ത്യന്‍ കമ്പനികളാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാന്‍ കഴിയുന്നത്
ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യാനിരിക്കെയാണ് പരീക്ഷണങ്ങളുടെ അവസാനഘട്ടം പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കപ്പല്‍ പരിശോധിച്ചിരുന്നു.