തിരുവനന്തപുരം: തിരുവനന്തപുരം എംജി റോഡിലെ പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് റദ്ദുചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്ഥാപനം പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ കടയിലേക്ക് വരുന്ന ആളുകളെ കയറ്റിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്.
കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്,ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്, 94ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 447ാം വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലും കോവിഡ് ചട്ടലംഘനം നടത്തിയതിന് സ്ഥാപനം പൂട്ടിച്ചിരുന്നു. പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും കുറഞ്ഞവിലയില്‍ നല്‍കും എന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനത്തിരക്ക് ഏറിയത് മൂലമാണ് അന്ന് സ്ഥാപനം പൂട്ടിയത്. പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും അന്ന് കൊവിഡ് ചട്ടങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല.