ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ച ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ഡോല സെന്‍, നാദിമുള്‍ ഹക്ക്, അബിര്‍ രഞ്ജന്‍ ബിശ്വാസ്, ഷന്ത ഛേത്രി, അര്‍പിത ഘോഷ്, മൗസം നൂര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു ദിവസത്തേക്കാണ് ഇവരെ പുറത്താക്കിയത്.
അതേസമയം, പ്ലക്കാര്‍ഡുമായി നടുത്തളത്തിലെത്തിയ എംപിമാരോട് തിരികെ സീറ്റിലേക്കുപോകാന് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുകേൾക്കാതിരുന്ന തൃണമൂല്‍ നേതാക്കള്‍ക്കെതിരെ 255 ആം വകുപ്പ് പ്രയോഗിക്കുമെന്ന് വെങ്കയ്യ നായിഡു താക്കീത് നൽകി. തുടർന്നും ഇവർ അനുസരിക്കാതിരുന്നതോടെയാണ് നടപടി എടുത്തത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആറു പേരെ രാജ്യസഭാ ചെയര്മാന് പുറത്താക്കിയത്.