തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.
പൊതുജനങ്ങളോട് മോശമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി നിര്‍ദേശം ഇറക്കിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ലംഘനങ്ങളുടെ പേരില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നതായും സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
കൊല്ലം ചടയമംഗലത്ത് ബാങ്കിന് മുന്നില്‍ കാത്തുനിന്നയാള്‍ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് പിഴ ചുമത്തിയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് നേരെ കേസെടുത്തതും വിവാദമായിരുന്നു. അതുപോലെതന്നെ പാരിപ്പള്ളിയില്‍ റോഡരികിലിരുന്ന് മീന്‍ കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതും വിവാദമായി.