ടോക്യോ: ഒളിമ്പിക്സ് ഫുട്ബോൾ ഫൈനലിൽ ബ്രസീല്‍ – സ്പെയിൻ പോരാട്ടം. നേരത്തെ മെക്സിക്കോയ്ക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ വിജയിച്ചപ്പോൾ ആതിഥേയരായ ജപ്പാനെ മടക്കമില്ലാത്ത ഒരു ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ ഫൈനലിൽ ഇടം നേടിയത്.
നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോളടിക്കാതിരുന്നതിനെ തുടർന്ന് അധികസമത്തിലേക്ക് നീണ്ട മത്സരത്തിന്‍റെ 116ആം മിനിട്ടിൽ മാർക്കോ അസൻസിയോ ആണ് സ്പെയിൻ്റെ വിജയഗോൾ നേടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും സ്പെയിന്‍റെ പഴുതടച്ച പ്രതിരോധവും ജപ്പാനെ തോല്‍വിയിലേക്ക് നയിക്കുകയായിരുന്നു.
ബ്രസീലും മെക്സിക്കോയും തമ്മിൽ നടന്ന ആദ്യ സെമി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ 4-1നായിരുന്നു ബ്രസീലിന്‍റെ ജയം. ഇരു ടീമുകളും തുല്യപോരാട്ടമാണ് കാഴ്ചവച്ചതെങ്കിലും ബ്രസീൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തു. ക്രോസ് ബാറിനു കീഴിൽ ഗ്വില്ലെർമോ ഒച്ചോവ നടത്തിയ മികച്ച പ്രകടനമാണ് മെക്സിക്കോയെ രക്ഷിച്ചുനിർത്തിയത്. നിശ്ചിതസമയവും അധികസമയവും ഇരു ടീമുകൾക്കും ഗോളുകൾ നേടാനാവാൻ കഴിയാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലെ ആദ്യ രണ്ട് കിക്കുകളും നഷ്ടപ്പെടുത്തിയത് മെക്സിക്കോയ്ക്ക് തിരിച്ചടിയായി.