തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ ഒഴിവാക്കുന്നു. പുതിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു.
ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനമായി. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരും. അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.
ടിപിആർ അനുസരിച്ചുള്ള നിബന്ധനകൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഒരാഴ്ച റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാവും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങൾ. രോഗബാധിതർ കുറവുള്ള ഇടങ്ങളിൽ ഇളവ് അനുവദിക്കും.
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുക. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടും.
സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ നിബന്ധനകൾ അശാസ്ത്രീയമാണെന്നായിരുന്നു വിമർശനം. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത്.