ബംഗളൂരു: കർണാടക അതിർത്തിയിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അതിർത്തി കടത്തിവിടുകയുള്ളൂവെന്ന് ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
നേരത്തെ, ചികിത്സയ്ക്കായി കര്‍ണാടകയിലേക്ക് പോകുന്ന എല്ലാ രോഗികൾക്കും കോവിഡ് പരിശോധന ഫലമില്ലാതെ അതിർത്തി കടക്കാമായിരുന്നു.
ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം അതിർത്തി കടന്നെത്തുന്ന അയൽസംസ്ഥാന യാത്രക്കാരാണെന്ന നിഗമനത്തെത്തുടർന്നാണ് കർണാടക സർക്കാർ യാത്രാ നിയന്ത്രണം കർശനമാക്കിത്തുടങ്ങിയത്.
തിങ്കളാഴ്ച രാവിലെ മുതൽ കർശന നിയന്ത്രണമാണ് അതിര്‍ത്തിയില്‍ നടപ്പിലാക്കിത്തുടങ്ങിയത്. ഒരു ഡോസ് വാക്സിനെടുത്തവരെ കഴിഞ്ഞ 15 ദിവസമായി കടത്തിവിട്ടിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും തടഞ്ഞു. 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് മാത്രമാണ് അതിർത്തി കടത്തിവിടാനുള്ള മാനദണ്ഡമായി കർണാടക സർക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.