വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിങ് കൗണ്ടി കോടതി അംഗീകരിച്ചതോടെ 27 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് അന്ത്യമായി.
ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. സ്വത്ത് വീതം വെക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. തന്റെ പേരിന്റെ അവസാന നാമം നിലനിർത്തുന്നതായി മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് അറിയിച്ചു. സ്വത്ത് വിഭജനം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ധനികരായ വനിതകളിൽ ഒരാളായി മെലിന്‍ഡ മാറും. എന്നാൽ അവരുടെ ആസ്തി എത്രയായിരിക്കും എന്നത് സ്വത്തുകളുടെ വിഭജന പ്രക്രിയ പൂർത്തിയായ ശേഷമേ അറിയാൻ സാധിക്കുകയൊള്ളൂ.
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റിയായ പ്രസ്ഥാനമായ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർ കൂടിയാണ് മെലിൻഡ. കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ടത്. 2021 മെയ് തുടക്കത്തിൽ ബിൽ ഗേറ്റ്സ് മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വിഹിതം മെലിൻഡയ്ക്ക് കൈമാറിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾക്ക് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹ മോചന തീരുമാനം വെളിപ്പെടുത്തിയത്.
വേർപിരിയുമെങ്കിലും ഇരുവരും ആരംഭിച്ച ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും വ്യക്തമാക്കി.