തിരുവനന്തപുരം: കേരളത്തില്‍ പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് ഈ സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എല്ലാ ജില്ലകളിലും വിപുലമായ സ്പോര്‍ട്സ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ചട്ടം 304 അനുസരിച്ച് ശ്രീ ഷാഫി പറമ്പില്‍ എം.എല്‍.എ യ്ക്ക് അനുവദിച്ച പൊതു കളിസ്ഥലം ഇല്ലാത്ത പഞ്ചായത്തുകളില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലുള്ള നിയമ തടസങ്ങള്‍ക്ക് പ്രത്യേക ഇളവു അനുവദിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച വിഷയത്തിന്മേലുള്ള ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ ഭരണ പ്രദേശങ്ങളിലും ഒരു പൊതു കളിസ്ഥലം എന്ന പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ കിഫ്ബി ധനസഹായത്തോടെ 58 സ്റ്റേഡിയങ്ങളുടെ (14 ജില്ലാ സ്റ്റേഡിയങ്ങളും 44 പ്രാദേശിക സ്റ്റേഡിയങ്ങളും ) നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. പ്രസ്തുത 58 സ്റ്റേഡിയങ്ങളില്‍ 4 പഞ്ചായത്ത് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും 8 ജില്ലാ സ്റ്റേഡിയങ്ങളുടെ ഒന്നാം ഘട്ട പ്രവൃത്തികളുടെ നിര്‍മ്മാണവും ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു 20 പദ്ധതികളുടെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്.
സംസ്ഥാനത്തുടനീളമുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും കൈവശമുള്ള സ്റ്റേഡിയങ്ങള്‍/ മൈതാനങ്ങള്‍ എന്നിവയുടെ വിവരശേഖരത്തിനുള്ള നടപടികള്‍ കായിക വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പൊതുകളി സ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ കണ്ടെത്തി പഞ്ചായത്ത് ഭൂമിയില്‍ മൈതാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പരിഗണനയിലുള്ളത്. സ്വന്തമായി ഭൂമി ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രദേശത്തുള്ള സര്‍ക്കാര്‍ സ്കൂളുമായോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് പ്രസ്തുത സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കളം നിര്‍മ്മിച്ച് നല്‍കുന്നതും പരിഗണനയില്‍ ഉണ്ട്. സ്ഥലം ലഭ്യമാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൈതാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് ലഭ്യമാക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കുന്നതാണ്.
കായിക വകുപ്പിന്‍റെ പ്ലാന്‍ ഫണ്ട്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, മണ്ഡലത്തിലെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് തുടങ്ങിയവയില്‍ നിന്നുള്ള തുക കൂടി ഉള്‍പ്പെടുത്തിയും ഇതിനുള്ള പണം കണ്ടെത്തുന്നതാണ്. പൊതുകളി സ്ഥലം ഇല്ലാത്ത പഞ്ചായത്തുകളില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലുള്ള നിയമ തടസ്സങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.