ന്യൂഡല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസിന്റെ ലിസ്റ്റില്‍ ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷമെന്ന വെളിപ്പെടുത്തലുമായി ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍. ഇസ്രായേല്‍ പത്രമായ ഹാരെറ്റ്സിന്റെ ടെക് എഡിറ്റര്‍ ഒമര്‍ ബെഞ്ചകോബാണ് ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പെഗാസസും പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനവുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത്.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. അതേ മാസമാണ് ഇന്ത്യക്കാര്‍ പെഗാസസിന്റെ പട്ടികയില്‍ വരുന്നതും. അതുപോലെ തന്നെ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2018 ജൂലൈയില്‍ ഹംഗറിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹംഗറിയില്‍ നിന്നുള്ളവരുടെ പേര് വിവരങ്ങള്‍ പെഗാസസില്‍ വരുന്നതുമെന്ന് ബെഞ്ചകോബ് പറഞ്ഞു.
അതേസമയം, പെഗാസസ് ഒരു ആയുധ കച്ചവട ഇടപാടാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് പെഗാസസ് ഇടപാട് നടന്നിരിക്കുകയെന്നും സര്‍ക്കാര്‍ തന്നെ പെഗാസസിന്റെ ഉപയോക്താക്കളാകാനാണ് സാധ്യതയെന്നും ബെഞ്ചകോബ് പറഞ്ഞു.