ന്യൂഡൽഹി;ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഈ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ജലീൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.