മംഗലാപുരം: മംഗലാപുരത്ത് ട്രെയിൻ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രോഗികളും വിദ്യാർത്ഥികളും അടക്കമുള്ള അറുപതോളം യാത്രക്കാരെ മംഗലാപുരത്ത് തടഞ്ഞുവെച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ-മംഗളൂരു ട്രെയിനിൽ കേരളത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരാണ് കഴിഞ്ഞ 6 മണിക്കൂറോളമായി മംഗലാപുരത്ത് കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ ആന്റിജന്‍ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിട്ടില്ല. ആറര മണിക്കൂര്‍ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൗൺ ഹാളിലെത്തിച്ച യാത്രക്കാരുടെ ശ്രവസാമ്പിൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നതിനു ശേഷം മാത്രമേ ഇവരെ പുറത്തുവിടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാത്രി 10.45 ഓടെ മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ടൗണ്‍ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാന്‍ അനുവദിച്ചു. ആര്‍.ടി.പി.സി.ആര്‍.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടത്.
കേരളാ അതിർത്തികളിൽ കർണാടക പരിശോധന കർശനമാക്കിയിരുന്നു. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല.