ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ കമ്പനി പിൻവലിച്ചു. കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് അപേക്ഷ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചിരിക്കുന്നത്.
ഏപ്രിലിലാണ് തങ്ങളുടെ ജാന്സെന് കോവിഡ് വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടി ജോണ്സണ് ആന്‍ഡ് ജോണ്സണ് ഇന്ത്യന്‍ അധികൃതരെ സമീപിച്ചത്. ജൂലൈയോടെ ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കമ്പനിയുടെ വാക്സിന് യു.എസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്ക് ശേഷം, കുത്തിവെപ്പെടുത്ത ഏതാനും പേരില്‍ രക്തം കട്ടപിടിക്കുന്നതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം, യൂറോപ്യന്‍ യൂണിയന് അധികൃതര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂര്‍വ അസുഖത്തെ ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന്റെ പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പ്രകാരം ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് 66 മുതല്‍ 76 ശതമാനം വരെയാണ് ഫലപ്രാപ്തിയുള്ളത്.