ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടിന് പുതിയ പ്ലാറ്റ്ഫോമുമായി കേന്ദ്രസര്‍ക്കാര്‍. ഇ-റുപി എന്ന പേരിലാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം.
നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ), ധനകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ദേശീയ ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് ഇ-റുപി വികസിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ”ഉദാഹരണത്തിന് സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍നിന്ന് 100 പേര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഇ-റുപ്പി ഉപയോഗിക്കാം. അവര്‍ക്ക് ഇ-റുപ്പി വൗച്ചര്‍ 100 പേര്‍ക്ക് നല്‍കാം. അവര്‍ ചെലവഴിക്കുന്ന തുക കോവിഡ് വാക്സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടും” – പ്രധാനമന്ത്രി പറഞ്ഞു.
ക്യൂആര്‍ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കറന്‍സി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഇ വൗച്ചര്‍ ഉപയോഗിച്ച് അവര്‍ക്ക് വിവിധ സേവനങ്ങള്‍ നേടാം.
അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് പകരം ഗുണഭോക്താവിന്റെ മൊബൈലിലേക്ക് ഇ-വൗച്ചർ കൈമാറിയാണ് ഇടപാട് നടത്തുന്നത്. കൂപ്പണ്‍ അയക്കുന്നതിന് മുൻപ് ഗുണഭോക്താവും മൊബൈൽ നമ്പറും ശരിയാണ് എന്ന് ഉറപ്പാക്കിയ ശേഷമാണ് കൂപ്പണ്‍ കൈമാറേണ്ടത്.
ഓണ്‍ലൈൻ ബാങ്കിംഗോ മറ്റു പേയ്മെന്റ് ആപ്പുകളോ ഒന്നും ഇല്ലാതെ തന്നെ ഇടപാട് നടത്താൻ ഇതുവഴി സാധിക്കും. ഗുണഭോക്താവിന് ഇലക്ട്രോണിക് വൗച്ചർ അല്ലെങ്കിൽ കൂപ്പണ്‍ കൈമാറിയാണ് ഇടപാട് പൂർത്തിയാക്കുന്നത്. ലളിതമായി പറഞ്ഞാൽ ക്യൂആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഇ- വൗച്ചർ എന്നിവ വഴിയാണ് ഇടപാട് പൂർത്തിയാക്കുക.
എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ എട്ട് ബാങ്കുകളാണ് ഇ-റുപ്പി പദ്ധതിയിള്‍ ഉള്‍പ്പെടുന്നത്.
















