ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്തെത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം നടക്കേണ്ടത് അനിവാര്യമാണെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. തുടര്‍ച്ചയായ പത്താം ദിവസമാണ് സഭ പ്രക്ഷുബ്ദമാകുന്നത്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക് നീങ്ങി. പതിനാല് പാര്‍ട്ടികള്‍ സംയുക്തമായി മുദ്രാവാക്യം മുഴക്കി. അതേസമയം, അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടെങ്കിലും അത് സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു. കോവിഡ് സാഹചര്യം ആദ്യം ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. പുറത്ത് മോക്ക് പാര്‍ലമെന്റ് നടത്തി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.