ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-റുപി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇ റുപിയുടെ അവതരണം പ്രധാനമന്ത്രി ഇന്ന് നടത്തും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ- റുപ്പി പ്രവര്‍ത്തിക്കുക. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.
കറന്‍സിരഹിതവും സമ്പര്‍ക്കരഹിതവുമായ ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. ഇ- റുപ്പി പേയ്‌മെന്റിലൂടെ കാര്‍ഡോ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളോ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തിന്റെ സഹായമോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വൗച്ചറുകള്‍ മാറ്റിയെടുക്കാന്‍ കഴിയും.