ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി കേന്ദ്രം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക രാജ്യത്ത് ഉയരുന്നതോടൊപ്പം തന്നെ ചില സംസ്ഥാനങ്ങളിൽ പുതിയ കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ യോഗം വിളിച്ചത്.
കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതികളെക്കുറിച്ചാണ് യോഗം അവലോകനം ചെയ്തത്. ഈ സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളില്‍ ദിനംപ്രതി വർധനവാണ് രേഖപ്പെടുത്തുന്നത്.
വാക്സിനേഷൻ വേഗത്തിലാക്കാനും പരിശോധനകൾ വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ കർശന നിയന്ത്രണം വേണം. ഇവിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കണം. സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം. കേസുകളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.