ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന കശ്മീര്‍ പ്രീമിയര്‍ ലീഗിനെതിരെ നിലപാട് കടുപ്പിച്ച് ബിസിസിഐ. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കാളിയാവുന്നവരെ ഇന്ത്യയിലെ എല്ലാ വിധ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ നിന്നും വിലക്കുമെന്ന് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ബിസിസിഐ മുന്നറിയിപ്പ് നല്‍കി.
കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കളിക്കാരെ അനുവദിച്ചാല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് മത്സരങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വിവിധ ക്രിക്കറ്റ് ബോര്‍ഡുകളെ ബിസിസിഐ അറിയിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗുമായി സഹകരിക്കുന്ന താരങ്ങളോട് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നും പാക് അധീന കശ്മീരിന്റെ പേരിലുള്ള ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്ന താരങ്ങളായിരിക്കും ഇന്ത്യയില്‍ നടപടി നേരിടേണ്ടി വരികയെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയതാല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ബിസിസിഐ പറയുന്നു.
നേരത്തെ കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ ബിസിസിഐ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഗിബ്‌സ് എത്തിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കുന്നത്.
കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചാല്‍ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ബിസിസിഐ ഭീഷണി മുഴക്കുന്നതായും ഗിബ്‌സ് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് ആറിന് മുറാദാബാദില്‍ ആരംഭിക്കുവാനിരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്താല്‍ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബിസിസി ഐ അറിയിച്ചുവെന്നാണ് ഗിബ്‌സ് പറയുന്നത്. ബിസിസിഐ ഇത്തരത്തില്‍ മറ്റു ബോര്‍ഡുകളിന്മേലും സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം റഷീദ് ലത്തീഫും പറഞ്ഞിരുന്നു.
ഗിബ്‌സിനെ കൂടാതെ പ്രശസ്തരായ പല കളിക്കാരും കാശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്.
ആറ് ടീമുകൾ ടൂർണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാർ പാക് അധീനതയിലുള്ള കാശ്മീരിൽ നിന്നുള്ളവരാണ്. മുൻ പാക് താരം വസീം അക്രം സംഘാടകരിൽ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാൻഡ് അംബാസഡർ. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
മുൻ ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷാൻ മുൻ പാക് താരങ്ങളായ ഷാഹിദ് അഫീരദി, കമ്രാൻ അക്മൽ തുടങ്ങിയവരെക്കൂടാതെ മുഹമ്ദ് ഹഫീസ്, ഷബാദ് ഖാൻ, ഷൊയബ് മാലിക് തുടങ്ങിയവർ ടൂർണമെന്റിൽ കളിക്കുന്നു. കാശ്മീർ പാർലിമെന്ററി സ്‌പെഷൽ കമ്മറ്റി ചെയർപേഴ്‌സൺ ഷെഹരിയാർ ഖാൻ ആണ് ആണ് കെപിഎല്ലുമായി രംഗത്തെത്തുന്നത്.