കണ്ണൂര്‍: കോതമംഗലത്ത് വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂര്‍ നാറാത്ത് പാര്‍വണത്തിലെ പി വി മാനസയുടെ വീട് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്നു മിടുക്കിയായ ഈ പെണ്‍കുട്ടി. മാനസയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖം വിവരണാതീതമാണെന്ന് മന്ത്രി പറഞ്ഞു. മാനസയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മാനസയെ കൊലപ്പെടുത്തിയ യുവാവ് ഉപയോഗിച്ച തോക്ക് ബിഹാറില്‍നിന്ന് കൊണ്ടുവന്നതാണ്. ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ കൊലപാതകമാണ് നടന്നിട്ടുള്ളത്. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബീഹാറില്‍ പോയതിനുള്ള തെളിവും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
തുടരന്വേഷണത്തിന് കേരള പോലീസ് ഇന്നുതന്നെ ബീഹാറിലേക്ക് പോകും. ഇത്തരത്തിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വിശാലമായ കാഴ്ച്ചപ്പാടുകളും മാനസിക ധൈര്യം ഉറപ്പുവരുത്താനാകും വിധം യുവ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാമൂഹിക ഇടപെടല്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാനസയ്ക്ക് സംഭവിച്ച ദാരുണാന്ത്യം ഇനി ഒരു പെണ്‍കുട്ടിക്കും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.
.