ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എണ്‍പത്തിയഞ്ച് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 42.32 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം ആയി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇന്നലെമാത്രം 50000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെരോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 541 മരണവും റിപ്പോര്‍ട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയുന്നത്. കേരളത്തില്‍ നിന്നുള്ള 1.65 അടക്കം 4.1 ലക്ഷം കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 39,258 പേരാണ് 24 മണിക്കൂറിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോവിഡ് മുക്തരായത്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയോളവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.