കണ്ണൂര്‍: കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. എകെജി ഹോസ്പറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്‌കാരം.
രഖിലിന്‍റെ മൃതദേഹവും ഇന്ന് സംസ്കരിക്കും. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കരിക്കും.
അതേസമയം രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നതില്‍ അന്വേഷണം തുടരുകയാണ്. തോക്കിന്റെ ഉറവിടം കണ്ടെത്താനായി രഖിലിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. രഖിലിന്റെ ബിസിനസ് പാര്‍ട്ണര്‍ ആയ ആദിത്യന്റെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി പൊലീസ ്‌വിശദമായി രേഖപ്പെടുത്തും.