കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി മുസ്ലീം ലീഗ്. കോഴിക്കോട് ചേർന്ന സംസ്ഥാന സമതിയോഗമാണ് പത്തംഗ സമിതിക്ക് രൂപം നൽകിയത്. യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്തെന്നും എല്ലാവരും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് ശേഷം പറഞ്ഞു.
പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, പിഎം സാദിഖലി എന്നിവർ അടങ്ങുന്ന പത്തംഗ സമിതിയാണ് രൂപവത്കരിച്ചത്.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം യോഗത്തിലുണ്ടായി. ഇതിനുള്ള ആദ്യ പടിയെന്നോണം തോൽവിയെക്കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.
കോഴിക്കോട് ചേർന്ന യോഗത്തിൽ തലമുറമാറ്റമടക്കം വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. ന്യൂനപക്ഷ സ്കോളർഷിപ്പിൽ സ്വീകരിക്കേണ്ട തുടർ നടപടികളും യോഗത്തിൽ ചർച്ചയായി. കെഎം ഷാജിയുടെ വിഷയം യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും വിജിലൻസ് അന്വേഷണത്തിലൂടെ ഷാജിയെ വേട്ടയാടുകയാണെന്ന നിലപാട് നേരത്തെ തന്നെ ലീഗ് സ്വീകരിച്ചിട്ടുള്ളതാണെന്നും യോഗശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 27 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗിന് 15 ഇടത്ത് മാത്രമാണ് ജയിക്കാനായിരുന്നത്. സിറ്റിങ് സീറ്റുകളായ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ ലീഗിന് നഷ്ടമായിരുന്നു.