കൊല്‍ക്കത്ത : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു. എംപി സ്ഥാനവും രാജിവെച്ചു. ശനിയാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.
രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമാണ് ബാബുല്‍ സുപ്രിയോയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. രണ്ട് തവണ പാര്‍ലമെന്റില്‍ അംഗമായിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള എംപിയാണ് ബാബുല്‍
“വിട. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല – ടിഎംസി, കോണ്‍ഗ്രസ്, സിപിഐഎം, എവിടേക്കുമില്ല. ആരും എന്നെ വിളിച്ചിട്ടില്ലെന്നും ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഞാന്‍ വണ്‍ ടീം കളിക്കാരനാണ്! എപ്പോഴും ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളൂ. അത് മോഹൻ ബഗാനാണ്. ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് ബിജെപിയും”, അദ്ദേഹം കുറിച്ചു.
കുറേ കാലമായി താന്‍ പാര്‍ട്ടിയിലുണ്ട്. ചിലരെയൊക്കെ സഹായിച്ചിട്ടുണ്ടെന്നും ചിലരെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് വിടുന്നതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി ബാബുല്‍ സമൂഹമാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. നിഗൂഡമായ സന്ദേശങ്ങളല്ലാതെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് ഫേസ്ബുക്കിലൂടെയാണ് രാജിവയ്ക്കുന്ന കാര്യം അറിയിച്ചത്.
രണ്ട് തവണ പാര്‍ലമെന്റ് അംഗമായ ബാബുല്‍ സുപ്രിയോ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലയളവില്‍, 2014 നവംബര്‍ മുതല്‍ 2016 ജൂലൈ വരെ നഗരവികസനം, പാര്‍പ്പിടം, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, 2016 ജൂലൈ മുതല്‍ വ്യവസായം എന്നിങ്ങനെയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. പരിസ്ഥിതി സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.