ന്യൂഡൽഹി: ജാര്‍ഖണ്ഡിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ കൊലപ്പെടുത്താൻ ശ്രമം. ഫത്തേപ്പൂര്‍ പോക്സോ കോടതി ജഡ്ജി മുഹമ്മദ് അഹമ്മദ് ഖാനെയാണ് കാർ ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
ഔദ്യോഗിക ആവശ്യത്തിനായി പ്രയാഗ് രാജിലേക്ക് നടത്തിയ യാത്രക്കിടെയായിരുന്നു സംഭവം. ജഡ്ജി സഞ്ചരിച്ച വാഹനത്തിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റുകയായിരുന്നു. ജഡ്ജി ഇരുന്ന ഭാഗം ലക്ഷ്യമാക്കി മൂന്ന് തവണ ഇടിച്ചു. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് നൽകിയ പരാതിയിൽ ജഡ്ജി പറയുന്നു. കാറിലുണ്ടായിരുന്ന ജഡ്ജിയുടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു.
പോക്സോ കേസിൽ പ്രതിയായ കൗശാംബി സ്വദേശിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഡിസംബര്‍ മാസത്തിൽ തള്ളിയതിന് പിന്നീട് ജഡ്ജിക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നു. ആ കേസിലെ പ്രതികൾക്ക് ഇപ്പോഴത്തെ ആക്രമണവുമായി ബന്ധമുണ്ടാകാമെന്നും പരാതിയിലുള്ളത്.
ആക്രമിച്ച വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ധൻബാദിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിൽ മറ്റൊരു ജഡ്ജിക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ ഞെട്ടലിലാണ് രാജ്യം.