തെലുങ്ക്, തമിഴ് ചലച്ചിത്രലോകത്തെ പ്രിയതാര ജോഡികളാണ് സമാന്തയും ഭര്‍ത്താവ് നാഗചൈതന്യയും. ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെലുങ്കിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകള്‍ സമാന്ത പങ്കുവെക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളായി താരം നാഗചൈതന്യയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. ഇത് ഇവര്‍ തമ്മില്‍ വേര്‍പിരിയുന്നു എന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സമാന്ത തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയുടെ പേര് മാറ്റിയതും ചര്‍ച്ചയായിരിക്കുകയാണ്. വിവാഹത്തിന് ശേഷം സാമന്ത അക്കിനേനി എന്നായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം ഐഡി. എന്നാല്‍ ഇത് മാറ്റി സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇന്‍സ്റ്റഗ്രാമിലെ യൂസര്‍ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.