കൊച്ചി : കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസിനെ കൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് സംഘം കണ്ണൂരില്‍. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് നാലംഗ സംഘം പ്രധാനമായി അന്വേഷിക്കുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രഖിന്‍ലിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.
അതേസമയം, മാനസയെ രഖില്‍ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം വെളിപ്പെടുത്തി. താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നു. ഇയാളെ പറ്റി വിവരങ്ങളൊന്നും ആ ഘട്ടത്തില്‍ അറിഞ്ഞിരുന്നില്ലെന്നും കാസിം പ്രതികരിച്ചു. അതിനിടെ മാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.