തൃശൂര്‍: മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയെ തുടര്‍ന്ന് തൃശൂര്‍ പാലിയേക്കരയിലെയും നെടുമ്പാളിലെയും ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അധികൃതര്‍ അടപ്പിച്ചു. അതേസമയം, ജില്ലയിലെ മിക്ക ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളും നേരത്തെ അടച്ചിരുന്നു. ഇതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം വാങ്ങാനായി ആളുകള്‍ ഇവിടേക്ക് എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നീണ്ടനിരയാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.
തിരക്ക് നിയന്ത്രണാധീതമായതോടെ സെക്ടറല്‍ മജിസ്‌ട്രേറ്റും നെന്മണിക്കര പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഔട്ട്‌ലെറ്റ് താല്‍കാലികമായി അടച്ചിടാന്‍ ആവശ്യപ്പെട്ടു. അതേസമയം, ഈ ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി അമിതവിലയ്ക്ക് വില്‍പ്പന നടത്തുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.