കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. അതേസമയം, പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച 7.62എം എം റൈഫിള്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ തോക്ക് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂര്‍ ഗ്രാമങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു. രഖില്‍ പിന്നീടും ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതോടെ പൊലീസ് ഇടപെട്ടാണ് കഴിഞ്ഞമാസം പ്രശ്‌നങ്ങള്‍ തീര്‍ത്തത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രഖില്‍ വീട്ടിലെത്തിയതെന്നും ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. പിന്നാലെ ഇയാള്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ പോയെങ്കിലും ഇതിനിടെ മുറിയില്‍നിന്ന് വെടിയൊച്ച കേട്ടു. ഉടന്‍തന്നെ ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ചോരയില്‍കുളിച്ചു കിടക്കുന്ന മാനസയെയും രഖിലിനെയുമാണ് കണ്ടതെന്നും പോലീസ് വ്യക്തമാക്കി.

















