ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് യാത്രാ വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ് അപകടം ഒഴിവാക്കിയത് ഇന്ത്യൻ വംശജനായ പൈലറ്റാണെന്ന് മാധ്യമ റിപ്പോർട്ടുകൾ. ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ വംശജനായ പൈലറ്റ് തടഞ്ഞതായി ഇസ്രയേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഫ്ലൈ ദുബായുടെ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. സഹപൈലറ്റ് പൈലറ്റിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 180ഓളം ഇസ്രയേൽ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാർ ഇസ്രയേലിൽ തിരിച്ചെത്തിയ ശേഷം സുരക്ഷാ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കും.
പൈലറ്റുമാരുടെ വിവരങ്ങൾ ഫ്ലൈ ദുബായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റുമാരുടെ വിവരങ്ങളെക്കുറിച്ച് ഇസ്രയേൽ മാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്. പൈലറ്റുമാർ ഒമാൻ, യുഎഇ പൗരന്മാരാണെന്ന് ചില മാധ്യമങ്ങളും റഷ്യൻ, യുക്രെയ്ൻ പൗരന്മാരാണെന്ന് മറ്റു ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാനമാണ് വടക്കൻ സൗദി അറേബ്യയ്ക്ക് മുകളിലെത്തിയപ്പോൾ വഴിതിരിച്ച് വിട്ടത്. വിമാനം റാഞ്ചി എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് രണ്ട് മിനിട്ടിനുള്ളിലാണ് വിമാനം 34,000 അടി ഉയരത്തിൽ നിന്ന് ഏകദേശം 20,000 അടി താഴേയ്ക്ക് പതിച്ചത്.















