ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ 4*400 മീറ്റര്‍ മിക്സഡ് ടീം റിലേയില്‍ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്ത്. രേവതി വീരമണി, ശുഭ വെങ്കിടേഷ്, മുഹമ്മദ് അനസ് യഹ്‌യ, ആരോക്യ രാജീവ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. മത്സരം പൂര്‍ത്തിയാക്കാനായി ഇന്ത്യ മൂന്നു മിനിറ്റും 19.93 സെക്കന്റുമെടുത്തു. മികച്ച പ്രകടനത്തിന് അടുത്തുപോലും എത്താന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല.
മിക്സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസാണ് ഇന്ത്യക്കായി ആദ്യ പാദം ഓടിയത്. മികച്ച പ്രകടനം പുറത്തെടുത്ത അനസ് ഏഴാമതായാണ് രണ്ടാം പാദം ഓടിയ വി രേവതിക്ക് ബാറ്റണ്‍ കൈമാറിയത്. മികച്ച തുടക്കമിട്ട രേവതി ആറാം സ്ഥാനത്തേക്ക് കയറിയെങ്കിലും അവസാനം പിന്നിലേക്ക് പോയി. മൂന്നാം പാദത്തില്‍ ഓടിയ ശുഭ വെങ്കിടേശനും കാര്യമായ മുന്നേറ്റം നടത്താനായില്ല.അതേസമയം മികസ്ഡ് റിലേയില്‍ ലോക ചാമ്പ്യന്‍മാരായ യു.എസ്.എയെ അയോഗ്യരാക്കി. ഹീറ്റ്‌സ് വണ്ണില്‍ മത്സരിച്ച യു.എസ്.എ ടെക്‌നിക്കല്‍ റൂള്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ് നടപടി.