കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിൽ. കാസർഗോട്ടെ ഇയാളുടെ വീട്ടിൽ നിന്നുമാണ് പിടി കൂടി കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ എത്തിച്ചത്. വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് ഇന്ന് രാവിലെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത നടപടിയിലേക്ക് നീങ്ങിയത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.
പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് വാട്ട്‌സ്ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുകയും ചെയ്തത്.