കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.
ജൂൺ പത്തിനാണ് മാർട്ടിൻ ജോസഫ് അറസ്റ്റിലായത്. ഫാഷൻ ഡിസൈനർ എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന മാർട്ടിൻ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷം ഇവരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെംഗളൂരുവിൽ എത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
എന്നാൽ യുവതിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്തവന്നശേഷം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. ഇതിനിടയിൽ പ്രതി മാർട്ടിൻ ജോസഫ് ഒളിവിൽ പോയിരുന്നു. ഇയാളെ തൃശൂരിലെ വനത്തിനുള്ളിൽ നിന്ന് അതിസാഹസികമായാണ് പിടികൂടിയത്.