ന്യൂഡൽഹി : ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം . സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബരി-ബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാൾ എന്നീ പ്രദേശങ്ങളിൽ ഒരേ സമയം ഡ്രോൺ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ബി എസ് എഫ് വെടിയുതിർത്തതിനെ തുടർന്ന് ഇവ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങി എന്നാണ് റിപ്പോർട്ട്.
ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.ജമ്മു കശ്മീരിൽ നേരത്തെയും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. വ്യോമ താവളത്തിന് നേരെ പാകിസ്താൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുകയുമുണ്ടായി. രാജ്യം ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.