കൊളംബോ: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഫൈനല്‍ മത്സരമായ ഇന്ന് ഇന്ത്യയെ ഏഴ് വിക്കറ്റിന് ശ്രീലങ്ക തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ശ്രീലങ്കന്‍ ബോളര്‍മാര്‍ 81 റണ്‍സില്‍ എറിഞ്ഞ് ഒതുക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ 21 പന്തില്‍ 23 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. ഒമ്പത് പന്തില്‍ 14 റണ്ണെടുത്ത ഹസറങ്കയും പുറത്താകാതെ നിന്നു.
നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ വാനിഡും ഹസരങ്കയും 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 23 റണ്‍സുമായി പുറത്താകാതെ നിന്ന കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്ക ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നേരിട്ട ആദ്യ പന്തില്‍ മടക്കി ചമീരയാണ് ലങ്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ദേവദ്ത്ത് പടിക്കലും റിതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് ഇന്ത്യയെ 23ല്‍ എത്തിച്ചെങ്കിലും പടിക്കലിനെ(9) മടക്കി മെന്‍ഡിസ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.
ഇന്നലെ നിരാശപ്പെടുത്തിയ സഞ‌്ജു സാംസണ് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു. മൂന്ന് പന്ത് നേരിട്ട സഞ്ജു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്‌വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 25-4ലേക്ക് കൂപ്പുകുത്തി.
പിന്നാലെ വന്ന നിതീഷ് റാണ(6)യും കാര്യമായൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും(16) കുല്‍ദീപ് യാദവു്(23 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ 50 കടത്തിയത്. ഭുവി പുറത്തായശേഷം രാഹുല്‍ ചാഹര്‍(5), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവരും കാര്യമായൊന്നും ചെയ്താതെ കീഴടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 81ല്‍ ഒതുങ്ങി.
മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യക്കായി അരങ്ങേറി. രണ്ടാം ട്വന്റി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്നിക്ക് പകരമായാണ് സന്ദീപ് ടീമില്‍ ഇടം നേടിയത്.