ന്യൂഡല്‍ഹി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. രാജ്യത്തെ മുസ്ലിം ജനതയെ പ്രത്യേക വിഭാഗക്കാരായി കാണേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി സനാധന്‍ വേദിക് ധര്‍മ എന്ന സംഘടനയാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
പിന്നോക്കക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികള്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേകമായി നടപ്പിലാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് ഹരജിക്കാരുടെ വാദം. സമാന സാഹചര്യത്തില്‍ കഴിയുന്ന ഹിന്ദുക്കളുടെ ക്ഷേമ പദ്ധതികള്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജ.രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വിഭാഗവും സമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മതത്തിന് വേണ്ടി, പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികള്‍ പ്രത്യേകമായി നടപ്പാക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കെതിരെ സനാധന്‍ വേദിക് ധര്‍മ നേരത്തെയും ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാനായി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് രജീന്ദര്‍ സച്ചാര്‍ സമിതി. 2005 മാര്‍ച്ച് 9നാണ് ഉത്തരവിറക്കുന്നത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണ്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മുസ്ലിം വിഭാഗത്തിന് മാത്രമായി വിവിധ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ക്ഷേമപദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.