തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേ സമയം വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും.
അടുത്ത ബുധനാഴ്ച കാലാവധി തീരുന്ന 493 പി.എസ്.സി റാങ്ക് പട്ടികകളില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികളുള്ളതാണ് ലാസ്റ്റ് ഗ്രേഡിന്റേത്. അതിലെ നാല്‍പതിനായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാലവിധി. ഇവരുടെ പട്ടികയുടെ കാലാവധി യഥാര്‍ത്ഥത്തില്‍ തീരുന്നത് ജൂണ്‍ 29നായിരുന്നു. അന്നേരമാണ് ഓഗസ്റ്റ് 4 വരെ സര്‍ക്കാര്‍ നീട്ടിയത്. ഏത് റാങ്ക് പട്ടികയാണങ്കിലും നീട്ടുകയാണങ്കില്‍ കുറഞ്ഞത് മൂന്ന് മാസത്തേക്കായിരിക്കണമെന്ന് ചട്ടമുണ്ട്. ഓഗസ്റ്റ് 4ന് പട്ടിക റദ്ദായാല്‍ ആ ചട്ടം ലംഘിക്കപ്പെടും. അതൊഴിവാക്കണമെന്ന ഹര്‍ജിയാണ് ട്രൈബ്യൂണല്‍ പരിഗണിച്ചതും മൂന്ന് മാസം തികയുന്ന സെപ്തംബര്‍ 29 വരെ നീട്ടാന്‍ ഉത്തരവിട്ടതും.
വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസറ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.