1959-ഡിസംബറിലെ ഒരു ക്രിസ്മസ് കാലം. യു.എസിലെ പ്രശസ്തമായ കാള്‍ടെക് സര്‍വകലാശാലയില്‍ പ്രസംഗം നടത്തുകയായിരുന്നു നാല്‍പതുകാരനായ റിച്ചാര്‍ഡ് ഫെയര്‍മാന്‍. ഭാവിയില്‍ രസതന്ത്രത്തില്‍ സംഭവിക്കാനിടയുള്ള മാറ്റങ്ങളായിരുന്നു പ്രതിപാദ്യവിഷയം. അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ പിന്നീട് ലോകം കീഴടക്കുകയായിരുന്നു.
ഫെയ്ന്‍മാന്റെ വാക്കുകള്‍ കണക്കിലെടുത്ത് 1986-ല്‍ എറിക് ഡ്രെക്സലര്‍ നാനോടെക്നോളജിയുടെ വിവിധ വശങ്ങളെ സംബന്ധിച്ച് എഴുതിയ ‘എഞ്ചിന്‍സ് ഓഫ് ക്രിയേഷന്‍: ദ കമിങ് ഇറ ഓഫ് നാനോടെക്നോളജി’ എന്ന പുസ്തകം നാനോടെക്നോളജിയുടെ വളര്‍ച്ചയ്ക്ക് സഹായകമായി.
ഭാവിയുടെ ശാസ്ത്രം
ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങിനില്‍ക്കാതെ എല്ലാ മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യയാണ് നാനോടെക്നോളജി. കുള്ളന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് നാനോ എന്ന വാക്കുണ്ടായത്. ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒരംശമാണ് ഒരു നാനോ. ഈ അളവിലുള്ള സുക്ഷ്മ യന്ത്രങ്ങളുടെ നിര്‍മ്മാണം, അവയുടെ പരിരക്ഷ തുടങ്ങിയവയും നാനോടെക്നോളജിയുടെ പരിധിയില്‍ വരുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നാനോടെക്നോളജി ഒരു പ്രത്യേക ശാസ്ത്രശാഖയുടെ കീഴില്‍ വരുന്നില്ല എന്നതാണ്. ഇതില്‍ നിന്നു കിട്ടുന്ന ഗവേഷണ ഫലങ്ങള്‍ എല്ലാ ശാസ്ത്ര മേഖലകള്‍ക്കും ഗുണം ചെയ്യും. ദ്രവ്യത്തെ നാനോതലത്തില്‍ ചെറുതായി പരുവപ്പെടുത്തുമ്പോള്‍ അത് ഭൗതിക-കാന്തിക-രാസ മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയതും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുക എന്നതാണ് നാനോസാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.
പ്രൊഫ. സി.എന്‍.ആര്‍. റാവുവിനെപ്പോലെയുള്ള മഹാരഥന്മാരുടെ ശ്രമഫലമായി നാനോടെക്നോളജി ഇന്ത്യയിലും വേരുറപ്പിച്ചിട്ടുണ്ട്. ലോകത്ത് ഈ രംഗത്ത് ഇറങ്ങുന്ന ഗവേഷണപ്രബന്ധങ്ങളില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.
പ്രകൃതിയും നാനോടെക്നോളജിയും
കരിക്കട്ടയും വജ്രവും തമ്മില്‍ രാസപരമായി വ്യത്യാസമില്ല. രണ്ടും കാര്‍ബണ്‍ എന്ന മൂലകത്തിന്റെ അപരരൂപങ്ങളാണ്. ആറ്റങ്ങള്‍ അടുക്കിയിരിക്കുന്ന രീതിയില്‍ മാത്രമാണ് ഇവ വ്യത്യസ്തമായിരിക്കുന്നത്. ഇത്തരത്തില്‍ നാനോ തലത്തില്‍ സമാനതകളുള്ള നിരവധി വസ്തുക്കള്‍ പ്രകൃതിയില്‍ നമുക്ക് കാണാം.
താമരയില്‍ വെള്ളം ഒട്ടിപ്പിടിക്കാത്തതും, ചിലന്തി വലയുടെ ഉറപ്പും, പൂമ്പാറ്റയുടെ അഴകും മറ്റും നമുക്ക് ചുറ്റും കാണാനാവുന്ന നാനോ ഘടനാ സവിശേഷതകളുടെ ചില ഉദാഹരണങ്ങളാണ്. പ്രാവിന്റെയും മറ്റ് ചില പക്ഷികളുടെയും കഴുത്തിലെ വര്‍ണവ്യത്യാസവും, മീന്‍ ചെതുമ്പലിന്റെ തിളക്കവും, ചണനൂലിന്റെ ഉറപ്പും എല്ലാം ഇക്കൂട്ടത്തില്‍പ്പെടും.
മെഡിക്കല്‍ സയന്‍സും നാനോടെക്നോളജിയും
രോഗനിര്‍ണ്ണയവും ചികിത്സയുമൊക്കെ നാനോ തലത്തിലായാല്‍ വലിയ വിപ്ലവത്തിനാവും അത് തുടക്കം കുറിക്കുക. അര്‍ബുദ രോഗത്തില്‍ കീമോതെറാപ്പി ഏറെ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതാണെന്നിരിക്കെ നാനോസാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍ദിഷ്ട കോശങ്ങളെ മാത്രം കരിച്ചുകളയാനും മറ്റ് കോശങ്ങളെ പരിക്കേല്‍പ്പിക്കാതെ നിലനിര്‍ത്താനും സാധിക്കുന്ന സാങ്കേതിക രീതികള്‍ രൂപപ്പെട്ടിട്ടുണ്ട്. കോശത്തിനകത്ത് കടന്ന് ചികിത്സ നടത്തണമെങ്കില്‍ കോശത്തേക്കാള്‍ ചെറുതായ മരുന്നും ഉപകരണങ്ങളും ആവശ്യമാണ്. ഒരു നാനോ ഉപകരണത്തില്‍ കൊരുത്തുവെച്ച് കൃത്യമായി കോശത്തിനകത്ത് മരുന്ന് എത്തിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.
സാധ്യതകള്‍ ടെക്സ്റ്റൈല്‍സ് മുതല്‍ ബഹിരാകാശം വരെ
രാജ്യാന്തരതലത്തില്‍ നാനോടെക്നോളജിക്കു പ്രിയമേറുകയാണ്. ടെക്സ്റ്റൈല്‍സ് മുതല്‍ ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലെയും കമ്പനികള്‍, നാനോ ഗവേഷണഫലങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. നാനോയില്‍ പരിചയമുള്ളവരെ മികച്ച തൊഴില്‍സാധ്യതകള്‍ കാത്തിരിക്കുന്നു. ചെറുകിട, വന്‍കിട, സ്റ്റാര്‍ട്ടപ്പ് സ്വാധീനം വര്‍ധിച്ചിരിക്കുന്നെന്നു പ്രഫ. സി.എന്‍.ആര്‍. റാവു പറഞ്ഞിരുന്നു. ഗവേഷണത്തിനു പ്രാധാന്യമുള്ള മേഖലയാണു നാനോ ടെക്നോളജി. ഇന്ത്യയില്‍ പഠനം കഴിയുന്നവരില്‍ പി.എച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ ഏറെയാണ്
അമൃതയില്‍ നാനോടെക്‌നോളജി പഠനം
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗമാണ് ഇന്ത്യയിലെ ആദ്യത്തെ നാനോ ബയോ സെന്റര്‍ സ്ഥാപിച്ചത്. നാനോടെക്‌നോളജി / നാനോസയന്‍സില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്‌സുകളും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി. – എം. എസ്., എം. ടെക്. – എം. എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളുമാണ് ഇവിടെയുള്ളത്. ഇവിടെ പ്രവേശനപരീക്ഷ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ടെലഫോണിക് ഇന്റര്‍വ്യൂ മാത്രം.
നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ എന്നിവയിലാണ് എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകള്‍. കൂടാതെ അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം.എസ്.സി/എം.ടെക്, എം. എസ്. ഡിഗ്രി (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം, എം. എസ് സി./എം.ടെക് (നാനോബയോടെക്‌നോളജി/മൊളിക്യൂലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) പ്രോഗ്രാമുകളും, ബി. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) പ്രോഗ്രാമുകളുമാണുള്ളത്.
പഠനം കേരളത്തില്‍
*കേരള യൂണിവേഴ്‌സിറ്റിയില്‍ നാനോടെക്‌നോളജിയില്‍ എം.ഫില്‍., ഗവേഷണം എന്നിവ നടത്താന്‍ അവസരം.
*മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി വിഭാഗം എം.എസ്., എം.എഫില്‍., പിജി ഡിപ്ലോമ (ഈവനിങ് കോഴ്‌സ്) കോഴ്‌സുകള്‍.
*കാലിക്കറ്റ് സര്‍വകലാശാലയിലെ നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് എം.ടെക്., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍.
*കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ ഫിസിക്‌സ് പഠനവകുപ്പ് നാനോടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നു.
* കൊച്ചി സര്‍വ്വകലാശാല: കുസാറ്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നാനോയ്ക്കു സര്‍വകലാശാലാന്തര ഗവേഷണ കേന്ദ്രമുണ്ട്. ഊര്‍ജം, വാര്‍ത്താവിനിമയം, പരിസ്ഥിതി, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് അധികവും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടു തുടങ്ങിയ കേന്ദ്രത്തില്‍ നിലവില്‍ മാസ്റ്റേഴ്സ് ബിരുദം നല്‍കുന്നില്ല, പിഎച്ച്. ഡി. അവസരമുണ്ട്.
*എന്‍.ഐ.ടി. കോഴിക്കോട് (എം. ടെക്. നാനോടെക്‌നോളജി)
* അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍, അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസ് (എം. ടെക്., എം.എസ്.സി., ബി.എസ്.സി.)
(ലേഖിക അമൃത സര്‍വ്വകലാശാലയുടെ കൊച്ചി കാമ്പസിലെ സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മോളിക്കുലാര്‍ മെഡിസിനിലെ റിസര്‍ച്ച് സ്‌കോളറാണ്.)