കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. നാളെ കോടതിയില്‍ ഹാജരാക്കാനാണ് എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിന് വിചാരണക്കോടതി നിര്‍ദേശം നല്‍കിയത്. സാക്ഷി വിസ്താരത്തിന് ഹാജരാകാൻ നിർദേശിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് കോടതിയുടെ നടപടി.
വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയെങ്കിലും വിഷ്ണു ഹാജരായില്ല. ഇതേത്തുടര്‍ന്ന് കോടതി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ.
കേസിലെ പത്താം പ്രതിയായിരുന്നു വിഷ്ണു. പിന്നീട് മാപ്പുസാക്ഷി ആകുകയായിരുന്നു. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ജയില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.