തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നിട്ടും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊതു വിദ്യാഭ്യാസ മന്ത്രി കൈയ്യുംകെട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സംസ്ഥാനത്തിന്റെ കീഴ് വഴക്കമല്ല. ഉദാത്തമായ ധാര്‍മ്മിക ബോധം ഉയര്‍ത്തി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകണം. സുപ്രീം കോടതി പരിഗണിച്ച് തള്ളിയ കേസിനെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നിയമവിരുദ്ധമാണ്. കോടതി നിഗമനത്തില്‍ എത്തിയ കാര്യത്തിലാണ് മുഖ്യമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സുപ്രീം കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്. പക്ഷെ വിധിയുടെ ഓരോ ഘടകങ്ങളെയും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യം ചെയ്യുകയാണ്. വിധിയില്‍ തൃപ്തിയില്ലെന്നും ഫുള്‍ ബെഞ്ചിന് വിടണമെന്നുമുള്ള തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. വാദവും തള്ളി കോടതി പിരിഞ്ഞ ശേഷം വരാന്തയില്‍ നിന്ന് വാദം പറയുന്നതു പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മുണ്ടും മടക്കി കുത്തി ഡെസ്‌കിന് മുകളിലൂടെ നടന്ന് പൊതുമുതല്‍ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സമൂഹത്തിന് എന്തു മാതൃകയാണ് നല്‍കുന്നത്? ഇത് കേരളത്തിന് ഭൂഷണമാണോ? ഈ സന്ദേശമാണോ സംസ്ഥാനത്തിന് പുറത്തേക്ക് കേരളത്തെ കുറിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്നത്? വെറും കോടതി പരാമര്‍ശത്തിന്റെ പേരിലാണ് മന്ത്രിയായിരുന്ന കെ.പി വിശ്വനാഥന്റെ രാജി ആവശ്യപ്പെട്ടത്. കുറ്റപത്രം നല്‍കുകയോ വിചാരണ നേരിടണമെന്നു കോടതി പറയുകയോ ചെയ്യാതിരുന്നിട്ടും എന്തിനാണ് നിങ്ങള്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടത്? എന്നാല്‍ ശിവന്‍കുട്ടിക്കെതിരെ എഫ്.ഐ.ആര്‍ മാത്രമല്ല, വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണ കോടതി തള്ളിയ കേസില്‍ അപ്പീല്‍ നല്‍കുന്നത് നിലനില്‍ക്കില്ലെന്ന് പാര്‍ട്ടിയിലെ തന്നെ കുടുംബാംഗമായ വനിതാ അഭിഭാഷക വ്യക്തമാക്കിയതാണ്. എന്നാല്‍ ആ അഭിഭാഷകയെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റി. അവര്‍ കാണിച്ച നിയമബോധം പോലും സര്‍ക്കാരിന് ഇല്ലാതെ പോയി. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി മുഖ്യമന്ത്രി വായിച്ചു നോക്കണം. നിയമത്തിന്റെ ബാലപാഠമെങ്കിലും അറിയാമായിരുന്നെങ്കിലും സുപ്രീം കോടതിയില്‍ പോകില്ലായിരുന്നു. നിയമസഭയില്‍ ആരെയും ഭയക്കാതെ സംസാരിക്കാനും വോട്ടു ചെയ്യാനും മാത്രമുള്ള പ്രിവലേജാണ് സമാജികര്‍ക്കുള്ളത്. പ്രിവിലേജും കുറ്റകൃത്യവും രണ്ടാണ്. ആര് തെറ്റ് ചെയ്താലും വിചാരണ നേരിടണമെന്നതാണ് നിയമം. അല്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചെയ്ത എം.എല്‍.എമാര്‍ വിചാരണ നേരിടണം. പൊതുമുതല്‍ നശിപ്പിച്ചവരെ രക്ഷിക്കാന്‍ പൊതുമുതലില്‍ നിന്നുള്ള പണം എടുത്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത്. ഈ കേസില്‍ വക്കീല്‍ ഫീസ് നല്‍കേണ്ടത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിലെ കൈയ്യാങ്കളി ലോകം മുഴുവന്‍ ലൈവായി കണ്ടതാണ്. ഇത്രയധികം സാക്ഷികള്‍ ഉള്ള കേസില്‍ തെളിവില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. കെ.എം മാണി അഴിമതിക്കാരനാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ആ വാദം പിന്‍വലിച്ചു. കോഴ വാങ്ങിയത് മാണി ആണെങ്കിലും നാണക്കേട് കേരളത്തിനാണെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആക്ഷേപിച്ചത്. കോഴ വാങ്ങിയ മാണി കോഴപ്പണം എണ്ണാന്‍ വീട്ടില്‍ യന്ത്രം സൂക്ഷിച്ചെന്നു വരെ ആക്ഷേപിച്ചു.
നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായ മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി നിങ്ങള്‍ക്ക് നാണമുണ്ടോ എന്നു പോലും ചോദിച്ചു. ഇങ്ങനെ ആക്ഷേപിച്ചവര്‍ക്കൊപ്പം ഇപ്പോള്‍ മന്ത്രിയായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിക്ക് നാണമുണ്ടോ? കേരള കോണ്‍ഗ്രസുകാരെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് ധൃതരാഷ്ട്രാലിംഗനമാണ്. എം.വി രാഘവനെ വലിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ടയതിന്റെ പശ്ചാത്താപം തീര്‍ക്കാന്‍ മകന് നിയമസഭാ സീറ്റ് നല്‍കി. അതു പോലെ കെ.എം മാണിയുടെ മകനെ എ.കെ.ജി സെന്ററില്‍ കൊണ്ടിരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.