തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ രാജിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷപ്പോര്. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ് നൽകിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലിയാണ് നിയമസഭയിൽ ഇരുപക്ഷങ്ങളും ഏറ്റുമുട്ടിയത്. സര്‍ക്കാര്‍ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . പ്രതിപക്ഷത്തിന്റെ രാജി ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
അടിയന്തര പ്രമേയം സംബന്ധിച്ച് ആദ്യം വിശദീകരണം നടത്തിയത് മുഖ്യമന്ത്രിയാണ്. ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമ വിരുദ്ധമായെന്നുമില്ല. അതുതന്നെ സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു. അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
തെളിവുകളോ മറ്റുവിഷയങ്ങളോ പിന്‍വലിക്കല്‍ അപേക്ഷയ്ക്ക് അടിസ്ഥാനമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അപേക്ഷ ദുരുദ്ദേശപരമല്ലെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ അംഗങ്ങള്‍ ഉന്നയിച്ച പരാതി പരിഗണിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ലെന്ന ആക്ഷേപം കൂടി മുഖ്യമന്ത്രി ഉന്നയിച്ചു.