ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ. പൂള് എയിലെ മൂന്നാമത്തെ മല്‍സരത്തില്‍ അര്‍ജന്റീനയെ 3-1ന് തുരത്തിയാണ് ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍.
മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ 58-ാം മിനിറ്റില്‍ വിവേക് സാഗര്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. അര്‍ജന്റീനയ്ക്ക് നിലയുറപ്പിക്കാന്‍ പോലും സമയം നല്‍കാതെ തൊട്ടടുത്ത മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ജയമുറപ്പിച്ചു. നേരത്തെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച (3-2) ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസീസിനോട് 7-1ന് തോറ്റിരുന്നു.