ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.
അവശിഷ്ടങ്ങളില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. 17 പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിങ് പറഞ്ഞു.
ലഡാക്കിലും ഉത്തരാഖണ്ഡിലും ചെറിയ രീതിയിലുള്ള മേഘവിസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു.
സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ അയ്ക്കാൻ നിർദ്ദേശം നൽകി. പരുക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.