കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് താലിബാന്. അഫ്ഗാനിസ്ഥാനിലെ ഏറെ ജനപ്രിയമായ ഹാസ്യതാരമായ ഖാഷ സ്വാന് എന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ അജ്ഞാതരായ ചില തോക്കുധാരികള്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുകയും മുഖത്തടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. കൊലപാതകത്തിന് പിന്നില്‍ താലിബാന് ആണെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ ഇത് താലിബാന് നിഷേധിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി കാണ്ഡഹാര്‍ പ്രവിശ്യയിലായിരുന്നു കൊല ചെയ്തത്. നേരത്തേ കാണ്ഡഹാര്‍ പോലീസിന് വേണ്ടി ഇയാളുടെ കുടുംബം ജോലി ചെയ്തിരുന്നു. ഇക്കാരണത്താലുള്ള പ്രതികാരമായിരിക്കാമെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന കാര്യം താലിബാന് നിഷേധിച്ചിട്ടുണ്ട്. നാസറിന്റെ മരണവാര്‍ത്ത അഫ്ഗാനിലെ സാധാരണ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
Nazar Mohammad, an Afghan comedian in Kandahar, was dragged from his home by Taliban terrorists and then killed in cold blood. A man who brought smiles to many was killed brutally for being who he was. The world watches as Taliban continue with their atrocities against Afghans. pic.twitter.com/yTINioeaMZ
— Mohsin Dawar (@mjdawar) July 27, 2021
പലരും നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. താലിബാന്റെ ക്രൂരകൃത്യങ്ങള്‍ ലോകം കാണുക. എന്ന് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശ ശക്തികള്‍ രാജ്യം വിട്ടതിന് പിന്നാലെ ഏതാനും ദിവസമായി അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്റെ ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സെന്‍ട്രല്‍ അഫ്ഗാനിസ്ഥാനിലെ 419 ജില്ലകള്‍ താലിബാന് പിടിച്ചെടുത്തിട്ടുണ്ട്. കാണ്ഡഹാറില്‍ നിന്നും 22,000 കുടുംബങ്ങളാണ് വീടുവിട്ട് പാലായനം ചെയ്തിരിക്കുന്നത്. 154,000 പേരാണ് വീടുവിട്ടു പോയിരിക്കുന്നത്.
താലിബാന് ഭീകരരും അഫ്ഗാന് സൈന്യവും തമ്മിലുള്ള തുറന്ന പോരില്‍ സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം 2400 അഫ്ഗാന് പൗരന്മാര് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎന്‍ കണക്കുകള്‍ സൂചിപ്പിച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ 85 ശതമാനവും താലിബാന്റെ കയ്യിലാണ്. അഫ്ഗാനിലെ 419 ജില്ലാ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. താലിബാന് ക്രൂരമായി സാധാരണക്കാരെ കൊല്ലുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.