കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും കോടതി തള്ളി. ആക്ഷേപങ്ങള്‍ കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ പൊതുതാൽപര്യ ഹർജി നല്‍കിയത്. ദ്വീപ് ജനതയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
അതേസമയം, ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. അറയിച്ചു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
എം.പിമാരായ ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും ഇതേ ചോദ്യം ഉന്നയിച്ച് നോട്ടിസ് നൽകിയിരുന്നു. സുപ്രിംകോടതിയിലടക്കം രാജ്യത്ത് 454 ജഡ്ജിമാരുടെ കുറവുണ്ടെന്ന് മന്ത്രി അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സുപ്രിംകോടതിയിൽ മാത്രമായി എട്ട്ജഡ്ജിമാരുടെ കുറവാണുള്ളത്. കേരളത്തിൽ 10 ജഡ്ജിമാരുടെ കുറവുണ്ടെന്നും മന്ത്രി അറിയിച്ചു.