ന്യൂ ഡല്‍ഹി: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപന തോത് വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. പകര്‍ച്ചവ്യാധി വിദ്ഗധര്‍ അടക്കമുള്ള സംഘമാണ് കേരളത്തിലെത്തുന്നത്. ചീഫ് സെക്രട്ടറിയുമായി കേന്ദ്ര പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. അതേസമയം, കോവിഡ് നിയന്ത്രണത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തുനല്‍കി.
അതിനിടെ, രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോള്‍ 43, 654 ആയി. ടിപിആര്‍ 1.73 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലെത്തി. കേരളത്തിലും പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം ജില്ലകളിലാണ് രോഗവ്യാപന തോത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.