തിരുവനന്തപുരം:നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വി ശിവന്‍കുട്ടി. നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കും. കോടതി ഭരണഘടനാപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. വിധിയുടെ വിശദാംശം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ജനപക്ഷത്ത് നിൽക്കുമ്പോൾ സമരം നടത്തേണ്ടി വരുമെന്നും, കേസുകൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയിൽ നടന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധി പൂർണമായി അംഗീകരിക്കുന്നുഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്.
ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും.നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങൾ ആ തീരുമാനം നടപ്പാക്കുകയായിരുന്നു.