ലഖ്നൗ: നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസ്സിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.
ബിഹാറിലെ സീതാമഢി, സഹർസ മേഖലകളിൽനിന്നുള്ളവരാണ് മരിച്ച തൊഴിലാളികൾ. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങിയത്. ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിച്ച്, പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോവുകയായിരുന്നു.ബസിനടിയിൽകുടുങ്ങിയവരെ ഏറെ വൈകിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.