തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്തുതീര്‍ക്കും. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന് ആർ ടി പി സി ആർ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കും. വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയംഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ശ്രമിക്കണം. തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്‌സിന്‍ കൊടുക്കുന്നതാണ് നല്ലത്.
നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്‌സിന്‍ നല്‍കാനാകണം. തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്‌സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കടയുടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ബകഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പല ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്‌സിൻ ക്ഷാമമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
അടുത്ത മാസം അറുപത് ലക്ഷം ഡോസ് വാക്‌സിൻ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. മുപ്പത്തിയഞ്ച് ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. വാക്‌സിൻ വിതരണം സുതാര്യമാണ്. വാക്‌സിൻ എത്തിക്കേണ്ടവർ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇടപെടണമെന്നും ആരോഗ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.